കണ്ണൂരിൽ അതിദരിദ്രരെ കണ്ടെത്തൽ ഡിസംബർ 31നകം പൂർത്തീകരിക്കും

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ കണ്ണൂർ ജില്ലയിൽ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഡിസംബർ 31നകം പൂർത്തിയാക്കാൻ ജില്ലാതല നിർവഹണസമിതിയോഗം തീരുമാനിച്ചു. ആരാലും കണ്ടെത്താതെ, അതിജീവനശേഷി ഇല്ലാതെ, ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന് ഒറ്റപ്പെട്ടു കഴിയുന്ന നിരാലംബരായ അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയിൽ എല്ലാവരും പങ്കാളികളാവാൻ യോഗത്തിൽ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ അഭ്യർഥിച്ചു.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനകീയ സമിതികളുടെ രൂപീകരണം പൂർത്തീകരിച്ചതായി ജില്ലാ നോഡൽ ഓഫീസറായ പ്രോജക്ട് ഡയറക്ടർ ടൈനി സൂസൺ ജോൺ അറിയിച്ചു. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച എല്ലാ തദ്ദേശ അധ്യക്ഷന്മാരേയും നോഡൽ ഓഫീസർമാരേയും യോഗം അഭിനന്ദിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും എന്യുമറേറ്ററുടെ തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നതോടെ എന്യുമറേഷൻ ആരംഭിക്കുവാൻ സാധിക്കും. പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർവ്വഹണ കലണ്ടറിന് യോഗം അംഗീകാരം നൽകി. അർഹരെ ഉൾപ്പെടുത്തി അനർഹർ കടന്നുകൂടാതെയുള്ള സമഗ്ര അതിദരിദ്ര പട്ടികയായിരിക്കണം കണ്ണൂരിന്റെതെന്ന് പ്രസിഡണ്ട് നിർദ്ദേശിച്ചു.
യോഗത്തിൽ എ.ഡി.എം. കെ.കെ ദിവാകരൻ, പ്രോജക്ട് ഡയറക്ടർ ടൈനി സൂസൺ ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, മറ്റ് ജില്ലാതല ഓഫീസർമാർ എന്നിവർ പങ്കെടുത്തു.