കണ്ണൂരിൽ നാലായിരത്തോളം ഹജ്ജ് തീർഥാടകരെത്തും- എ.പി. അബ്ദുള്ളക്കുട്ടി

ഹജ്ജ് പുറപ്പെടൽ കേന്ദ്രമായ കണ്ണൂർ വിമാനത്താവളത്തിൽ നാലായിരത്തോളം ഹജ്ജ് തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കിയാലിന്റെ സഹായത്തോടെ വിമാനത്താവളത്തിൽ ഒരുക്കും.

രാജ്യത്തെ തന്നെ മികച്ച ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന നിലയിൽ കണ്ണൂരിനെ മാറ്റാനാണ് ശ്രമിക്കുന്നത്. ഹജ്ജ് ക്വാട്ട ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ളതിന് പുറമേ കൂർഗ്, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നും കണ്ണൂരിലേക്ക് ഹജ്ജ് തീർഥാടകർ എത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഹജ്ജ് തീർഥാടന കാലം സഹായകമാകും. വിദേശ സർവീസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിന്റെ കൂടുതൽ പരിഗണന ലഭിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.