കണ്ണൂര്‍ ഷോപ്പി ബ്രാന്റാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ തേടും- ജില്ലാ കലക്ടര്‍

കണ്ണൂര്‍ കൈത്തറി ഉള്‍പ്പെടെയുള്ള ജില്ലയുടെ തനത് ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രമുഖ ഫാഷന്‍ ഡിസൈനറും വ്ളോഗറുമായ ലക്ഷ്മി മേനോന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിപണനമേള കണ്ണൂര്‍ ഷോപ്പി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അവര്‍. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഭരണ രംഗത്തുള്ളവര്‍ കണ്ണൂര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംരംഭകരെ സഹായിക്കാനും നടത്തുന്ന ഇടപെടലുകള്‍ വലുതാണ്. കണ്ണൂരിന്റെ തനത് ഉല്‍പന്നങ്ങളെ ബ്രാന്റാക്കി മാറ്റി വിപണനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാവണം. പാക്കിംഗിലും ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണം. എന്‍ഐഎഫ്ടി അടക്കമുള്ള സ്ഥാപനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം – ലക്ഷ്മി മേനോന്‍ പറഞ്ഞു. പ്രാദേശിക ഉല്‍പന്നങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ട്രാവേലി എന്ന യാത്രയുടെ ഭാഗമായാണ് അവര്‍ കണ്ണൂരിലെത്തിയത്. ക്ലബ്ബ് ഹൗസ്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് ട്രാവേലി രൂപകല്‍പന ചെയ്തിട്ടുള്ളത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസി.കലക്ടര്‍ മുഹമ്മദ് ഷെഫീഖ് എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി മേനോന്‍ കണ്ണൂര്‍ ഷോപ്പിയിലെത്തിയത്.
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ജില്ലയിലെ ചെറുകിട സംരംഭകരെ കരകയറുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കാണ് ഖാദിയ്ക്കൊരു കൈത്താങ്ങും, കണ്ണൂര്‍ ഷോപ്പിയും സംഘടിപ്പിച്ചതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. അറുപത് ലക്ഷം രൂപയുടെ കൂപ്പണുകളാണ് ഖാദിക്കൊരു കൈത്താങ്ങ് പദ്ധതി വഴി വിറ്റത്. ആറളം ആദിവാസി വിഭാഗങ്ങളുടെ തനത് ഉല്‍പന്നങ്ങള്‍, കൈത്തറി, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനമാണ് കണ്ണൂര്‍ ഷോപ്പിയുടെ ലക്ഷ്യം. ഇതൊരു യുനിക് ബ്രാന്റാക്കി മാറ്റി ടൂറിസം കേന്ദ്രങ്ങള്‍, എയര്‍ പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പനശാലകള്‍ തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കും. ജില്ലാ കലക്ടര്‍ പറഞ്ഞു. ഓണക്കാലത്ത് ആഗസ്റ്റ് 19 മുതല്‍ 24 വരെ ജില്ലാ ഭരണകൂടം കണ്ണൂര്‍ വിഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ഓണാഘോഷം നടത്തുമെന്നും വിപണനമേളകളിലും മറ്റും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ സ്വന്തം ഉത്തരവാദിത്തമായി ഓരോരുത്തരും കാണണമെന്നും അദ്ദേഹം പറഞ്ഞു.