കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ കണ്ണൂരിലേക്ക് കൊണ്ടുവരും
കണ്ണൂര്‍: മോഷ്ടിച്ച ബൈക്ക് നമ്പര്‍ മാറ്റി ഓടിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ ആലപ്പുഴ പോലീസിന്റെ പിടിയിലായി. കണ്ണൂർ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ ആലപ്പുഴ അമ്പലപ്പുഴ തകഴി സ്വദേശി ആഷിക് ഷാജി (22), വണ്ടാനം സ്വദേശി ശ്യാം (26) അമ്പലപ്പുഴ വടക്കേവണ്ടാനത്തെ ഷംജിത്ത് (20) എന്നിവരാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 17 ന് രാത്രിയില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത സ്പ്ലന്‍ഡര്‍ ബൈക്കാണ് സംഘം മോഷ്ടിച്ചത്. യാത്രക്കിടെ ബൈക്കിന്റെ നമ്പര്‍ മാറ്റി വ്യാജ നമ്പറാക്കി ഓടിക്കുന്നതിനിടെയാണ് മോഷണസംഘം ആലപ്പുഴ അമ്പലപ്പുഴ എസ് ഐ.യുടെയും സംഘത്തിന്റെയും പിടിയിലായത്. പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പോലീസ് പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കും.