കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഉൾപ്പെടെ അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവെക്കും
കോവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സാർത്ഥം തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ രണ്ടാഴ്ചക്കാലത്തേക്ക് ഡിഎംഒയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിവെക്കാൻ വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിൽപ്പെട്ട രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാൽ ജില്ലാ കൺട്രോൾ സെൽ മുഖാന്തരം റഫർ ചെയ്യുന്ന രോഗികളെ മാത്രം പ്രവേശിപ്പിക്കും.
ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാൻ തീരുമാനിച്ചു. കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പക്ഷം ഡി.എം.ഒ (ആരോഗ്യം) അടിയന്തിരമായി റിപ്പോർട്ട് ചെയ്യും.
ക്ലസ്റ്ററുകൾ രൂപപ്പെട്ട പ്രദേശത്ത് മാത്രം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/അസി. സെക്രട്ടറിമാരെ സെക്ടറൽ മജിസ്ട്രേറ്റ് ആയി നിയമിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നടപടികൾ സ്വീകരിക്കണം.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. വ്യവസായ വകുപ്പ് മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഓക്സിജൻ സിലിണ്ടറുകൾ നിലവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ച് നൽകാവുന്നതാണ്.
നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി സർക്കാർ ഉത്തരവ് പ്രകാരം ജില്ലയുടെ കാറ്റഗറി എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫിസർ കളക്ടർക്ക് നൽകും. ജില്ലയുടെ കാറ്റഗറി പ്രകാരം സർക്കാർ ഉത്തരവിലെ ഓരോ കാറ്റഗറിയിലെയും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള നടപടി പോലീസും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ടതാണ്. സർക്കാർ ഉത്തരവ് പ്രകാരമുള്ള കാറ്റഗറികൾ ഇവയാണ്.
എ വിഭാഗം:
- എല്ലാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതപരമായ സാമുദായിക പൊതുപരിപാടികൾക്കും വിവാഹം മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.
ബി വിഭാഗം: - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതപരമായ സാമുദായിക പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻമാരായി മാത്രം നടത്തേണ്ടതാണ്.
- വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ
സി വിഭാഗം - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതപരമായ സാമുദായിക പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻമാരായി മാത്രം നടത്തേണ്ടതാണ്.
- വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ
- സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല
- ബിരുദ ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ മാതൃകയിൽ ബയോബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ബാധകമല്ല.
എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് ജില്ല മാറാം
ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ ദിവസം ശരാശരി ടി പി ആർ 32.7% ആണെന്നും എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് ജില്ല മാറുമെന്നും അതിനനുസരിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ ഡി എം ഒ അറിയിച്ചു
കോവിഡ് ജാഗ്രത പോർട്ടലിൽ വിവരങ്ങൾ യഥാസമയം അപ്ലോഡ് ചെയ്യാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും വാർഡ് തല സമിതികൾ രൂപീകരിച്ച് ജനുവരി 22ന് രാവിലെ 10 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തുകൾ ഡെപ്യൂട്ടി ഡയറക്ടർ മുഖാന്തിരവും മുനിസിപ്പാലിറ്റികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഖേനയും കോർപറേഷൻ നേരിട്ടും റിപ്പോർട്ട് നൽകും.
വാർഡ് തല സമിതിയിലേക്ക് മതിയായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികൾ അടിയന്തിരമായി നിയമിക്കും. കോവിഡ് പോസിറ്റീവ് ആയ രോഗികൾ കൃത്യമായി മാനദണ്ഡ പ്രകാരം ഐസൊലേഷനിൽ കഴിയുന്നുണ്ടോ എന്ന് വാർഡ് തല സമിതി ഉറപ്പു വരുത്തും.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശിച്ചതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലാ പ്ലാനിങ് ഓഫീസിലെ നാലാം നിലയിലെ കോൺഫറൻസ് ഹാൾ കോവിഡ് കൺട്രോൾ റൂമായി തുടരും. കൺട്രോൾ സെല്ലിലേക്കും മറ്റും നിയമിച്ചിട്ടുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെയും മറ്റും സേവനം ഫെബ്രുവരി 28 വരെ തുടരാം.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരാണ നായ്ക്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.