കണ്ണൂർ ജില്ലയില്‍ ബാങ്കുകള്‍ കാര്‍ഷികമേഖലക്ക് 4986 കോടി വായ്പ അനുവദിച്ചു

കണ്ണൂര്‍ ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദം അവസാനിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ 4986 കോടിയും വ്യാപാര വ്യവസായ മേഖലയില്‍ 1290 കോടി രൂപയും അനുവദിച്ചു. 2021-22 വിതരണ പദ്ധതിയുടെ 60 ശതമാനമാണ് ഡിസംബര്‍ മാസം അവസാനിക്കുമ്പോള്‍ ബാങ്കുകള്‍ വിതരണം ചെയ്തത്. ജില്ലയിലാകെ 11932 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ്ങ് അവലോകന സമിതി യോഗം വിലയിരുത്തി. ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55326 കോടിയും വായ്പാ നീക്കിയിരിപ്പ് 36349 കോടി രൂപയുമാണ്.

ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 66 ശതമാനമാണ്. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ഫ്രോണി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ വിതരണ പദ്ധതി ബാങ്കിങ്ങ് അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പ്രകാശനം ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം ജില്ലയില്‍ 20224 രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ 5869 കോടി കാര്‍ഷിക മേഖലയിലും 3641 കോടി വ്യാപാര വ്യവസായ മേഖലയിലും വായ്പ അനുവദിക്കുന്നതായിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കനറാ ബാങ്ക് റീജണല്‍ ഓഫീസ് ഡിവിഷണല്‍ മാനേജര്‍ ആര്‍ ആര്‍ റെജി മുഖ്യ പ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എജിഎം അനൂപ് ദാസ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജിഷിമോന്‍ എന്നിവര്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തി.

ജില്ലയിലെ ബാങ്കുകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍, കൃഷി വിജ്ഞാന കേന്ദ്രം, റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കെ എസ് എസ് ഐ എ പ്രതിനിധി, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.