കണ്ണൂർ ജില്ലയില്‍ 184771 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും


പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ എം പ്രീത അറിയിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള 184771 കുട്ടികള്‍ക്ക് ജനുവരി 31 ഞായറാഴ്ച പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ദേശീയതലത്തില്‍ നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് തുള്ളിമരുന്ന് വിതരണം നടക്കുന്നത്.

പോളിയോയുടെ മേല്‍ രാജ്യം നേടിയ വിജയം നിലനിര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.ജില്ലയില്‍ 13 ആരോഗ്യ ബ്ലോക്കുകളിലായി 1903 തുള്ളിമരുന്നു വിതരണ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും ആളുകള്‍ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളിലും 63 ബൂത്തുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് വിതരണം ചെയ്യുക. വീട്ടില്‍ ആരെങ്കിലും ക്വാറന്റൈനില്‍ ഉണ്ടെങ്കില്‍, ക്വാറന്റൈന്‍ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ കുഞ്ഞിന് തുള്ളി മരുന്ന് നല്‍കേണ്ടതുള്ളൂ.

വീട്ടിലെ ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവ് ആയാല്‍ അയാളുടെ പരിശോധന ഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞു മാത്രമേ കുട്ടിക്ക് തുള്ളി മരുന്ന് നല്‍കേണ്ടതുള്ളൂ.കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഫലം നെഗറ്റീവായി 28 ദിവസം കഴിഞ്ഞു മാത്രമേ തുള്ളി മരുന്ന് നല്‍കേണ്ടതുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ കണ്ടെയ്ന്‍മെന്റ് അവസാനിച്ചതിനു ശേഷം മാത്രമേ കുട്ടികളെ തുള്ളിമരുന്ന് നല്‍കാന്‍ കൊണ്ടുവരേണ്ടതുള്ളൂ.കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക.

കുട്ടിയുടെ കൂടെ ഒരാള്‍ മാത്രമേ ബൂത്തിലേക്ക് പ്രവേശിക്കാവൂ. സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, മാസ്‌ക് ധരിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ ബൂത്തുകളില്‍ കര്‍ശനമായി പാലിക്കണമെന്നും അഞ്ചുവയസ്സിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു തുള്ളി പോളിയോ തുള്ളിമരുന്ന് കിട്ടിയെന്ന് ഉറപ്പു വരുത്താന്‍ ഓരോ രക്ഷിതാവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.