കണ്ണൂർ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ജില്ലയില്‍ നടപ്പാക്കി വരുന്ന വികസന പ്രവൃത്തികള്‍ 82 ശതമാനം പൂര്‍ത്തീകരിച്ചതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്്. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതികള്‍ യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പൂര്‍ത്തിയാക്കാനുള്ളവ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ സംസാരിച്ച തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തന പുരോഗതിയാണ് ഉണ്ടായത്. നൂറുദിന കര്‍മ്മ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ച ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളും, എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട പദ്ധതികളും ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും സാന്ത്വന സ്പര്‍ശം അദാലത്ത് മികച്ച രീതിയില്‍ നടത്താന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നല്ല പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
ആലക്കോട് പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയില്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം യോഗത്തില്‍ അറിയിച്ചു. കെ സുധാകരന്‍ എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വേങ്ങാട് വിത്തുല്‍പാദന കേന്ദ്രത്തിനടുത്ത് സ്ഥാപിച്ച ഓടയില്‍ നിന്നുള്ള വെള്ളമൊഴുകി ഫാമിന് നാശമുണ്ടാകുന്നതിനാല്‍ ഓടയിലെ വെള്ളം പുഴയിലേക്ക് തിരിച്ചു വിടുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി റോഡ് വിഭാഗം അറിയിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡരികിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല എന്ന പരാതി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ തലത്തില്‍ ആരംഭിച്ചതായും യോഗത്തില്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.