കണ്ണൂർ ഡിപ്പോയിൽ എത്തിയത് എട്ട് ലക്ഷം പാഠപുസ്തകങ്ങൾ

കണ്ണൂർ: 2023-24 വർഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് നിർവഹിച്ചു. എട്ട് ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ ഡിപ്പോയിൽ എത്തിയത്. കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്, പാപ്പിനിശ്ശേരി, തളിപ്പറമ്പ് ഉപ ജില്ലകളിലേക്കുള്ള പുസ്തകങ്ങൾ തരം തിരിച്ച് കഴിഞ്ഞു. 16 ലക്ഷത്തോളം പുസ്തകങ്ങൾ ഇനിയും എത്താനുണ്ട്. പുസ്തകങ്ങൾ എത്തുന്നതിന് അനുസരിച്ച് തരം തിരിക്കലും വിതരണവും തുടരും. കുടുംബശ്രീയുടെ നേതൃത്വത്തിൽ തരം തിരിച്ച പുസ്തകങ്ങൾ സൊസൈറ്റികളിലേക്കാണ് വിതരണം ചെയ്തത്. സൊസൈറ്റികളിൽ നിന്ന് സ്കൂളുകളിലേക്കും വിദ്യാർഥികളിലേക്കും അധ്യാപകർ മുഖേന പുസ്തകങ്ങൾ വിതരണം ചെയ്യും. ജില്ലാ പാഠ പുസ്തക ഡിപ്പോ സൂപ്പർവൈസർ കെ വി ജിതേഷ് നേതൃത്വം നൽകി. ഡിഡിഇ ഓഫീസ് സൂപ്രണ്ടുമാരായ ടി വി ഗിരീഷ്, പി എ ബിന്ദു എന്നിവർ പങ്കെടുത്തു.