കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാരുടെ എണ്ണത്തിൽ വർധന

മട്ടന്നൂർ:- കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. മാർച്ചിൽ 1,14,292 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഏതാനും മാസമായി ക്രമമായി വർധിച്ചിരുന്ന യാത്രക്കാരുടെ എണ്ണം ഫെബ്രുവരിയിൽ കുറഞ്ഞിരുന്നു. 1,06,540 യാത്രക്കാരാണ് ഫെബ്രുവരിയിൽ ഉണ്ടായിരുന്നത്. ജനുവരിയിൽ 1,24,547 യാത്രക്കാരുണ്ടായിരുന്നതാണ് കുറഞ്ഞത്.

82,045 അന്താരാഷ്ട്ര യാത്രക്കാരും 32,247 ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. മൂന്നുമാസമായി നിർത്തിവെച്ചിരിക്കുന്ന കണ്ണൂർ-ഡൽഹി സർവീസ് പുനരാരംഭിക്കുന്നതോടെ യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹി സെക്ടറിൽ എയർ ഏഷ്യ സർവീസ് തുടങ്ങാൻ സാധ്യതയുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പടുത്തി മേയ് മുതൽ സർവീസ് തുടങ്ങാനാണ് ചർച്ചകൾ നടക്കുന്നത്. എയർ ഇന്ത്യയുടെ ലയനവുമായി ബന്ധപ്പെട്ടാണ് കണ്ണൂരടക്കമുള്ള നോൺ മെട്രോ നഗരങ്ങളിൽനിന്നുള്ള സർവീസുകൾ പിൻവലിച്ചത്. കോവിഡ് കാലത്ത് നിർത്തിവെച്ച ഗോവ, ഹുബ്ബള്ളി സർവീസുകളും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാർ കുറവായതാണ് ഈ സെക്ടറുകളിൽ സർവീസില്ലാത്തതിന് കാരണമായി വിമാനക്കമ്പനികൾ പറയുന്നത്