കണ്ണൂർ വിഷൻ വാർത്ത ഫലംകണ്ടു; പ്ലാവിലിരിക്കുന്ന മീറ്റർ മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനസ്ഥാപിച്ചു

റിപ്പോർട്ട്:അക്ഷയ് പേരാവൂർ

ഇല്ലാത്ത വൈദ്യുതിക്കും പ്ലാവിലിരിക്കുന്ന മീറ്ററിനും കഴിഞ്ഞ മൂന്ന് വർഷമായി പണമടക്കേണ്ടി വന്ന കേളകം പാറത്തോടിലെ ശകുന്തളയുടെ ദുരവസ്ഥയ്ക്ക് പരിഹാരമായി.
വീട്ടിൽ അധികൃതർ വൈദ്യുതി പുനസ്ഥാപിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിൽ വൈദ്യുതി ഇല്ലാഞ്ഞിട്ടും പ്ലാവിലിരിക്കുന്ന ഇലട്രിസിറ്റി മീറ്ററിനായിരുന്നു കേളകം പാത്തോടിലെ പള്ളിക്കക്കോണം ശകുന്തള മാസന്തോറും ബില്ലടച്ചത്.

വിധവയായ ശകുന്തള തനിച്ചാണ് താമസം. സ്വന്തം പേരിൽ വൈദ്യുതി കണക്ഷൻ ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട് വീട്ടിൽ വൈദ്യുതി ഇല്ലാഞ്ഞിട്ടും മാസം തോറും മിനിമം ചാർജ് അടയ്ക്കേണ്ട അവസ്ഥയായിരുന്നു.
മൂന്നു വർഷം മുമ്പുവരെ ഇവിടെ വൈദ്യുതിയുണ്ടായിരുന്നു. എന്നാൽ മരം വീണ് വീടിൻ്റെ ഒരു ഭാഗം തകർന്നതോടെ മീറ്റർ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയായി.
വീടിനു സമീപത്തെ പ്ലാവിലായിരുന്നു താൽകാലികമായി മീറ്റർ സ്ഥാപിച്ചത്.

പല തവണ ജനപ്രതിനിധികളോടടക്കം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
ശകുന്തളയുടെ ദുരവസ്ഥ കണ്ണൂർ വിഷൻ
റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻ തന്നെ മീറ്റർ മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് നടപടി വൈകിയതെന്നും അധികൃതർ അറിയിച്ചു.