കന്നട നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു.

കന്നട നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.  11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം.

തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്.

കന്നട സിനിമയിലെ പ്രശസ്തനായ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടൻ ഇതുവരെ 29ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവുംഅദ്ദേഹം സ്വന്തമാക്കി. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.