കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതിയംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതിയംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ബാങ്ക് ഡയറക്ടർമാരോട് നേരിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മുൻ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേർ നിലവിൽ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഈ ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു പരാതി നൽകിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകൾ അനുവദിക്കാനാവില്ലെന്നാണ് ചട്ടം. എസ്.പി സുദർശൻറെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.