കലാ- കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ഗ്രേസ് മാർക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: അക്കാദമിക് മികവിന് പുറമേ കലാ- കായിക രംഗത്ത് ശോഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കുകൾ നിശ്ചയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 30 മാർക്ക് വരെ ആണ് ഗ്രേസ് മാർക്കായി നൽകുക.
സ്കൂൾ കലോത്സവം, ശാസ്ത്ര മേള, ഐടി മേള, സി.വി രാമൻ ഉപന്യാസ മത്സരം, ടാലന്റ് സെർച്ച് പരീക്ഷ, സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സംസ്ഥാന തല മത്സരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കാണ് ലഭിക്കുക. ബി ഗ്രേഡുകാർക്ക് 15 മാർക്കും, സി ഗ്രേഡുകാർക്ക് 10 മാർക്കും ലഭിക്കും. അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 30 മാർക്കും, ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് 25 മാർക്കും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കായിക താരങ്ങൾക്ക് 20 മാർക്കും ലഭിക്കും. രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും നേടുന്നവർക്ക് യഥാക്രമം 17 മാർക്ക്, 14 മാർക്ക് എന്നിങ്ങനെയാണ് ലഭിക്കുക.
ജൂനിയർ റെഡ് ക്രോസിന് 10 മാർക്കും രാജ്യപുരസ്കാർ നേടുന്നവർക്ക് 20 മാർക്കും രാഷ്ട്രപതിയുടെ അവാർഡ് നേടുന്ന സ്കൗട്ട് & ഗൈഡ്സിന് 18 മാർക്കും സ്റ്റുഡൻസ് പോലീസ് കേഡറ്റിന് 20 മാർക്കും എൻസിസി കോർപ്പൽ റാങ്കിന് മുകളിലുള്ളവർ എൻ സി സി സൈനിക ക്യാമ്പിൽ പങ്കെടുത്തവർ, എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്തവർ എന്നിവർക്ക് 25 മാർക്കും ലഭിക്കും. എൻഎസ്എസ് ദേശീയ ക്യാമ്പിൽ പങ്കെടുത്തവർക്ക് 25 മാർക്കും, എൻഎസ്എസ് വളണ്ടിയേഴ്സിന് 20 മാർക്കും ലഭിക്കും. മറ്റ് ഗ്രേസ് മാർക്ക് ഇനങ്ങളുടെ പട്ടികയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.