കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു.
തിരുവനന്തപുരം: കവി നീലമ്പേരൂർ മധുസൂദനൻ നായർ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
1936 മാർച്ച് 25 ന് കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി.
കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. മൗസലപർവ്വം എന്ന കാവ്യഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്‌കിണർ എന്ന കാവ്യഗ്രന്ഥത്തിന് മൂലൂർ സ്‌മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998) എന്നിവ ലഭിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്‌ടറായി വിരമിച്ചു.
മൗസലപർവ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനിൽ നിന്നൊരാൾ, ചമത, പാഴ്ക്കിണർ, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉൾപ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമാഗാനരചനയും വിവർത്തനവും നിർവഹിച്ചിട്ടുണ്ട്
ഭാര്യ: കെ എൽ രുഗ്‌മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.
കൃതികൾ
ചമത
ഇതിലേ വരിക
ഈറ്റിലം
ചിത
ഉറങ്ങുംമുൻപ്
അമരൻ
ഫലിത ചിന്തകൾ
പുരസ്‌കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000)
കണ്ണശ്ശപുരസ്‌ക്കാരം 2012
സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം
അബുദാബി ശക്തി അവാർഡ്
‘കനകശ്രീ’ (1989).