കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിര്‍മാണം 12ന് തുടങ്ങും
തലശ്ശേരി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഏപ്രില്‍ 12ന് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. എരഞ്ഞോളി പാലത്തിനടുത്ത കണ്ടിക്കല്‍ പ്രദേശത്താണ് ആശുപത്രി നിര്‍മിക്കുന്നത്.
നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമുള്ള ആറുനില കെട്ടിടത്തിലാണ് അമ്മയും കുഞ്ഞും ആശുപത്രി സജ്ജമാക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി കൂടി അടുത്തദിവസം തന്നെ സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 12ന് ആരംഭിച്ച് ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗത്തില്‍ തീരുമാനമായി. കിഫ്ബി ചീഫ് കണ്‍സള്‍ട്ടന്റ് ശ്രീകണ്ഠന്‍, കിറ്റ്കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് റോജി തോമസ്, കണ്‍സള്‍ട്ടന്റ് ഡിനോ മാണി വിതയത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍, സെക്രട്ടറി ഷാജു, ലെയ്സണ്‍ ഓഫിസര്‍ ദീപക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.