കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ്;ജീവനക്കാരൻ ഒളിവിൽ

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പു നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിലാണ്. സംഭവത്തിൽ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെ പുറത്തറിയുകയായിരുന്നു. 14 മാസം കൊണ്ടാണ് തട്ടിപ്പു നടത്തിയത്. പത്തു ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. വിജീഷിന്റെ കാർ കഴിഞ്ഞ ദിവസം എറണാകുളം കലൂരിൽനിന്ന് കണ്ടെത്തിയിരുന്നു.

അതിനിടെ, ഫെബ്രുവരി 11 മുതൽ കാണാതായ വിജീഷ് വർഗീസിനെക്കുറിച്ച് ഇതേവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാൾ മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫാണ്.

ഇയാൾ ഉപയോഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്