കാവുകളുടെ സംരക്ഷണം: സ്വതന്ത്ര പഠന റിപ്പോർട്ട് നിയമ സഭയ്ക്ക് സമർപ്പിക്കും
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട കാവുകളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശനത്തിന്റെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ സ്വതന്ത്ര പഠന റിപ്പോർട്ട് തയ്യാറാക്കി നിയമസഭയ്ക്ക് സമർപ്പിക്കുമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട കാവുകൾ ചെയർമാന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ പി.കെ. ബഷീർ, ടി.ഐ. മധുസൂദനൻ, സജീവ് ജോസഫ്, കെ.ഡി പ്രസേനൻ, ജോബ് മൈക്കിൾ, ലിന്റോ ജോസഫ് എന്നീ എം.എൽ.എമാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
മിക്ക കാവുകളും മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും സംരക്ഷിച്ചു വന്നിരുന്നുവെങ്കിലും കാലാന്തരത്തിൽ നാശോൻമുഖമായ ഇവയുടെ സംരക്ഷണം പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്നതിനായി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തി. കാവുകളുടെ വിസ്തൃതി പല കാരണങ്ങളാൽ കുറഞ്ഞതായി ചെയർമാൻ പറഞ്ഞു. കേരളത്തിൽ പതിനായിരക്കണക്കിന് കാവുകളുണ്ട്. ദേവാലയങ്ങളുമായി ബന്ധപ്പെട്ടതും സ്വകാര്യ വ്യക്തികളുടെ കൈയിലുള്ളതും അതിലുണ്ട്. സർക്കാറിന്റെ കൈയിലുള്ള ഭൂമിയിൽ ഏക്കറ് കണക്കിനുള്ള കാവുകളുണ്ട്. അന്യാധീനപ്പെട്ടുപോയവയുണ്ട്. ഇതിന്റെയെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സമിതിയുടെ സന്ദർശനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സന്ദർശനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ കാവുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കാവുകളുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗൗരവമേറിയ വിഷയം സമിതി ഏറ്റെടുത്തതെന്നും ചെയർമാൻ അറിയിച്ചു.
കാവുകളിൽനിന്ന് അക്കേഷ്യ പോലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റി പുനർവനവത്കരണം നടത്തണമെന്ന് സമിതി സാമൂഹിക വനവത്കരണ വിഭാഗത്തിനോട് നിർദേശിച്ചു. ഏറെ പ്രായം ചെന്ന നശിച്ചുതുടങ്ങിയ അപൂർവമായ വൻവൃക്ഷങ്ങളുടെ സംരക്ഷണത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിനോട് ആരായാനും നിർദേശമുണ്ടായി. സംസ്ഥാനത്ത ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ലകളിലൊന്നായ കണ്ണൂരിൽ മലബാർ ദേവസ്വം ബോർഡിന് കീഴിൽ 39 കാവുകളാണുള്ളത്. കൂടാതെ സ്വകാര്യ വ്യക്തികൾ സംരക്ഷിക്കുന്ന കാവുകളുമുണ്ട്.
രാവിലെ ധർമ്മടം അണ്ടല്ലൂർ കാവിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. ഒരേക്കർ വിസ്തൃതിയിലുള്ള അണ്ടല്ലൂർ താഴെ കാവിൽ ഏറെ പ്രായം ചെന്ന, ജപ്പാനിലും കൊറിയയിലും മാത്രം കാണുന്നവ ഉൾപ്പെടെ അപൂർവ്വമായ മരങ്ങൾ ഇവിടെ ഉണ്ടെന്നും അതിന്റെ പഠന റിപ്പോർട്ട് തയ്യാറാക്കിയതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അണ്ടല്ലൂർ കാവിൽ സ്ഥലം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ അനുവദിച്ച 3.65 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മിയാവാക്കി പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപ അനുവദിച്ച് താഴെകാവിൽ വനവത്കരണം നടപ്പിലാക്കുന്നു. ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനും കിണർ നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അനുബന്ധമായ മുല്ലപ്രം കാവിന് ചുറ്റുമതിൽ ആവശ്യമാണെന്ന് ഭരണസമിതി അറിയിച്ചു. കെ.പി. മോഹനൻ, എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രതിനിധികൾ, ക്ഷേത്ര ഊരാളൻമാർ എന്നിവരും ഇവിടെ ഉണ്ടായിരുന്നു.
തുടർന്ന് ശ്രീകണ്ഠപുരം വയക്കര ശ്രീ ദൈവത്താർ വനശാസ്താ കാവ്, ഏഴിമലയിലെ ജൈവ വൈവിധ്യം, തെയ്യോട്ട്കാവ്, കൊങ്ങിണിച്ചാംകാവ്, വെരീക്കര കാവ് എന്നിവയും സമിതി നേരിട്ട് സന്ദർശിച്ചു. കാവുകളുടെ അവസ്ഥ മനസ്സിലാക്കുകയും ക്ഷേത്ര ഭരണസമിതികളിൽനിന്നും നാട്ടുകാരിൽനിന്നും വിവര ശേഖരണം നടത്തുകയും ചെയ്തു.
സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നക്ഷത്ര വനം പദ്ധതി സംബന്ധിച്ച് വേണ്ടത്ര പ്രചാരണം നൽകാനും കൂടുതൽ പേരിലെത്തിക്കാനും കാവുകളുടെ സംരക്ഷണത്തിന് ജൈവ വേലി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാനും പയ്യന്നൂർ ഗവ. റസ്റ്റ് ഹൗസിൽ നടന്ന തെളിവെടുപ്പിൽ സമിതി നിർദേശം നൽകി. ഹരിത കേരളം മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന ദേവഹരിതം, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വിശദീകരിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എ.ഡി.എം കെ.കെ. ദിവാകരൻ, കോഴിക്കോട് മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ കീർത്തി, കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ചും സമിതി പരാതി സ്വീകരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,