കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു

വാരണാസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.399 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഇടനാഴിയുടെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. ‘ഹര ഹര മഹാദേവ’ വിളികളോടെയാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. ഉദ്ഘാടന ചടങ്ങ് 3 മണിക്കൂര്‍ നീളും. തുടര്‍ന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടനച്ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വാരാണസിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ മോദി, 2019 മാര്‍ച്ചിലാണ് പദ്ധതിയുടെ ശീലാസ്ഥാപനം നടത്തിയത്. അടുത്ത വര്‍ഷം യുപി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നടത്തിയത്.

50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം.