കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം: കളക്‌ടറുടെ ഉത്തരവ് വിവാദത്തില്‍.

കാസര്‍കോട്: ജില്ലയില്‍ സഞ്ചരിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി കൊണ്ടുള്ള കാസര്‍കോട് ജില്ലാ കളക്‌ടറുടെ ഉത്തരവ് വിവാദത്തില്‍. കളക്‌ടര്‍ സജിത്ത് ബാബു തുഗ്ളക്പരിഷ്‌കാരമാണ് നടപ്പിലാക്കുന്നതെന്നാണ് പൊതുജനങ്ങളില്‍ നിന്നടക്കം ഉയരുന്ന പരാമര്‍ശം. സംഭവത്തെ വിവേകശൂന്യം എന്ന് വിശേഷിപ്പിച്ച്‌ സ്ഥലം എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കുമ്ബള, ഉപ്പള എന്നിവിടങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്നാണ് ജില്ലാ ദുരന്തര നിവാരണ അതോറിറ്റി വിഭാഗം തലവന്‍ കൂടിയായ കളക്‌ടറുടെ ഉത്തരവ് വന്നത്.

പ്രതിഷേധം വ്യാപകമായതോടെ വിചിത്ര ഉത്തരവില്‍ ഇടപെട്ട് റവന്യു മന്ത്രി. സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. ഉത്തരവിലെ ആശയകുഴപ്പം തീര്‍ക്കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന കളക്ടറുടെ തിരുത്തുമെത്തി. പുതിയ പത്രക്കുറുപ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

എന്നാല്‍ റംസാന്‍ കാലമായതിനാല്‍ ഈ ‘പരിഷ്‌കാരം’ വ്യാപാര സമൂഹത്തെയും കാതലായി ബാധിക്കുമെന്ന പരാതിയാണുള്ളത്. തീരുമാനമെടുക്കും മുമ്ബ് സജിത്ത് ബാബു തങ്ങളുടെ അഭിപ്രായം പോലും കേട്ടിരുന്നില്ലെന്നും വ്യാപാരി സംഘടനകള്‍ പറയുന്നു.

അതേസമയം, ജില്ലയില്‍ കൊവിഡ് വ്യാപനം കലശലാണെന്നും ജില്ലയിലുള്ള നാല് ആശുപത്രികളിലായി 200 കിടക്കകള്‍ മാത്രമാണുള്ളതുകൊണ്ടാണ് കടുത്ത നടപടികള്‍ സ്വീകരിച്ചതെന്ന് പ്രതികരിച്ച കളക്‌ടര്‍, ഉത്തരവ് തിരുത്തുമെന്ന് വ്യക്തമാക്കി.