കിഫ്ബി: അടിയന്തര പ്രമേയം തള്ളി


തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശൻ എം.എൽ.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.കിഫ്ബി മസാല ബോണ്ടുകൾ വിറ്റതിൽ ഉൾപ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി.എ.ജി. റിപ്പോർട്ടിലുള്ള കണ്ടെത്തൽ ഗുരുതരമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുമണി വരെ തുടർന്നു.

ഭരണഘടനയുടെ 293 ലംഘിച്ചാണ് വിദേശത്ത് പോയി കിഫ്ബിയുടെ മസാല ബോണ്ട് വിറ്റ് ലോൺ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിർത്തിരുന്നു. സി.എ.ജി. സർക്കാരിന് മിനിറ്റ്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും സതീശൻ പറഞ്ഞു.

സതീശന് മറുപടിയുമായി എത്തിയ ജെയിംസ് മാത്യു എം.എൽ.എ. രൂക്ഷമായ പ്രത്യാക്രമണമാണ് നടത്തിയത്. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരല്ല ബോണ്ട് ഇറക്കിയത്. സർക്കാർ ബോണ്ട് ആണെങ്കിൽ മാത്രമാണ് ആർട്ടിക്കിൾ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു