കിഴക്കമ്പലത്തെ സംഘർഷം: കിറ്റെക്‌സിലെ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍  സംഘര്‍ഷമുണ്ടാക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലായാണ് അറസ്റ്റ്. ആദ്യ കേസില്‍ 18 പേരെയും രണ്ടാമത്തെ കേസില്‍ 6 പേരെയുമാണ് അറസ്റ്റുചെയ്തിരിക്കുന്നത്. വധ ശ്രമം, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

പ്രതികളെ നാളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് റൂറല്‍ എസ്പി കാർത്തിക് അറിയിച്ചു.
പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 156 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നാളെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എസ്പി അറിയിച്ചു.