കുട്ടികളുടെ പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുത്: ജില്ലാ കലക്ടര്‍

അമ്മയറിയാന്‍ ക്യാമ്പയിനിന് തുടക്കം

കുട്ടികളുടെ പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുതെന്നും അവരുടെ പെരുമാറ്റരീതികളെ മാതാപിതാക്കള്‍ കൃത്യമായി മനസ്സിലാക്കണമെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന ‘അമ്മയറിയാന്‍’ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ശിക്ഷക്‌സദനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയാനോ അവരുടെ പെരുമാറ്റരീതികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാനോ പലപ്പോഴും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല. അവരെ കേള്‍ക്കാനും അറിയാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കണം. ബാല്യകാലത്തെ അനുഭവങ്ങള്‍ ഭാവിയെ നിര്‍ണയിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ബാലസഭ ആര്‍പി മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളുടെ സഹായത്തോടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ചടങ്ങില്‍ എന്റെ ജില്ല ആപ്പിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത് അധ്യക്ഷനായി. ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍ എല്‍ ബൈജു മുഖ്യാതിഥിയായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം സിസിലി ജെയിംസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി രജിഷ, കുടുംബശ്രീ എഡിഎംസി വി വി അജിത, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ പി വിനീഷ് എന്നിവര്‍ സംസാരിച്ചു.