കുട്ടികളെ ശുഭചിന്തയുള്ളവരായി വളർത്തുക: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

വീടുകളിൽ നിഷേധാത്മക ഊർജം നൽകാതെ, ശുഭചിന്തയുള്ളവരായി കുട്ടികളെ വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറൂട്ടേരി അംഗൻവാടിക്കായി എളമ്പേരത്ത് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾ പറയുന്നത് കേൾക്കാനും ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാനോ നമുക്ക് പലപ്പോഴും സാധിക്കാറില്ല. പലപ്പോഴും വീടുകളിൽ കുട്ടികൾക്ക് ലഭിക്കുന്നത് നിഷേധാത്മക ഊർജമാണ്. നമ്മുടെ ചിന്തകൾ പലപ്പോഴും നിഷേധാത്മകമാണ്. മനഃശാസ്ത്രം പറയുന്നത് മൂന്ന് വയസ്സായ മനുഷ്യക്കുട്ടിക്ക് ജീവിതത്തിലെ മിക്കവാറും കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവും എന്നാണ്. മസ്തിഷ്‌കത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുക കൂടി ചെയ്യുമ്പോഴാണ് നല്ല ബുദ്ധിയുള്ള കുട്ടികൾ രൂപപ്പെടുന്നത്. കുട്ടികളുടെ സർഗവാസനകൾ വികസിപ്പിച്ചെടുക്കുന്നതിന് അംഗൻവാടി കാലം മുതലേ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അംഗൻവാടിക്ക് ഭൂമി സൗജന്യമായി നൽകിയ തോമസ് വട്ടക്കുടിയിൽ, മലിക്കൻറകത്ത് ഇബ്രാഹിം ഹാജി എന്നിവരെ മന്ത്രി ആദരിച്ചു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ പെരുവണ, വാർഡ് മെംബർ ടി.പി. ശ്രീജ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. മൈമൂനത്ത്, മുഹമ്മദ് അജ്മൽ മാസ്റ്റർ, തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി. പ്രകാശൻ, സിഡിപിഒ വി.പി. ഷീജ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി. സുകുമാരൻ (സിപിഐഎം), ടി. പവനൻ (കോൺഗ്രസ്), പി.പി ബാലകൃഷ്ണൻ (സിപിഐ), ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റർ (മുസ്‌ലിം ലീഗ്), എം.വി. ഉണ്ണികൃഷ്ണൻ (ബിജെപി), ജോൺ മുണ്ടുപാലം (കേരള കോൺഗ്രസ് എം), രാജേഷ് മാത്യു (കോൺഗ്രസ് എസ്), അബ്രഹാം ഇല്ലിക്കൽ (ആർഎസ്പി), മാത്യു ചാണക്കാടൻ (കേരള കോൺഗ്രസ് ജെ), ജോസ് മുടവനാട് (ജനതാദൾ), കൃഷ്ണൻ കൂലേരി (സിഎംപി), അംഗൻവാടി വർക്കർ ബിന്ദു കെ എന്നിവർ സംബന്ധിച്ചു.