കുതിച്ചുയർന്ന് പിഎസ്എൽവി സി 55; ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി അൻപത്തിയഞ്ചാം ദൗത്യം തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി സി55 വിക്ഷേപിച്ചു.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തുന്ന സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2 വും നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 മാണ് പിഎസ്എൽവി ഇക്കുറി ഭ്രമണ പഥത്തിൽ എത്തിക്കുക.

ഉപഗ്രഹങ്ങൾ വേർപെട്ടതിന് ശേഷം റോക്കറ്റിന്റെ നാലാം ഘട്ടമായ പിഎസ് 4 പരീക്ഷണങ്ങൾക്കായി ഭ്രമണ പഥത്തിൽ അൽപ്പ നേരം നിലനിർത്തുന്ന പരീക്ഷണവും ദൗത്യത്തിനൊപ്പം നടക്കും.

വിവിധ സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഏഴ് ചെറു പേ ലോഡുകളാകും ഈ ഘട്ടത്തിൽ ഉപയോഗിക്കുക. ഇത് മൂന്നാം തവണയാണ് ഇസ്രോ ഈ പരീക്ഷണം നടത്തുന്നത്.