കുഷ്ഠരോഗം: ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനം 18 മുതല്‍

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന ‘അശ്വമേധം’ ഭവന സന്ദര്‍ശന പരിപാടി ജില്ലയില്‍ 18ന് തുടങ്ങും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവന്‍ വീടുകളിലും 31 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുക. കുഷ്ഠ രോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ എത്തിക്കും. ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജില്ലയില്‍ 2022-23 വര്‍ഷം 27 പുതിയ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകള്‍, സ്പര്‍ശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പരിധീയ നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തൊലിപ്പുറത്ത് ഉണ്ടാകുന്ന നിറവ്യത്യാസം, തടിപ്പ്, കുരുക്കള്‍, മുഖത്തെ തൊലിയില്‍ തടിപ്പും അസാധാരണത്തിളക്കവും, കണ്ണ് പൂര്‍ണമായി അടക്കാന്‍ കഴിയാതിരിക്കുക, കൈകാലുകളില്‍ മരവിപ്പും തരിപ്പും, ഉണങ്ങാത്ത വ്രണങ്ങള്‍, വിരലുകള്‍ നിവര്‍ത്താന്‍ കഴിയാതിരിക്കുക എന്നിവയും കുഷ്ഠരോഗ ലക്ഷണങ്ങളാകാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് ചികിത്സ സൗജന്യമാണ്. കുട്ടികളിലെ കുഷ്ഠരോഗം തടയാന്‍ ബാലമിത്ര പദ്ധതിയിലൂടെ ജില്ലയിലെ അംഗന്‍വാടികള്‍ മുതല്‍ പ്ലസ് ടു തലം വരെ നടത്തിയ പരിശോധനയില്‍ പുതിയ കേസുകള്‍ കണ്ടെത്തിയിട്ടില്ല.
കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡിഎംഒ ഡോ. നാരായണ നായിക്ക്, എന്‍ എച്ച് എം ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ഡി എം ഒ (ഹോമിയോ) വി അബ്ദുള്‍ സലിം, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. എം പി ജീജ, ജില്ലാ അസി. ലെപ്രസി ഓഫീസര്‍ സി എം ആര്‍ മായിന്‍, റീപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.