കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം; അശ്വമേധം നാലാംഘട്ടം തുടങ്ങി

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ അശ്വമേധം പദ്ധതിയുടെ നാലാംഘട്ടം ജില്ലയില്‍ തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ലെപ്രസി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ യജ്ഞത്തിലൂടെ ത്വക്ക് പരിശോധന നടത്തി കുഷ്ഠ രോഗികളെ കണ്ടെത്തി രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുകയും അംഗവൈകല്യം ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പ്രത്യേകം പരിശീലനം ലഭിച്ച 4756 വളണ്ടിയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വീടുകള്‍,അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, തീരദേശ, ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി രോഗ പരിശോധനയും നടത്തും. വിവിധ ബോധവല്‍ക്കരണ പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
അശ്വമേധം മൂന്നാം ഘട്ടത്തില്‍ എട്ട് പുതിയ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുമായി വീടുകളില്‍ എത്തുന്ന വളണ്ടിയര്‍മാരുമായി പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.