കൂത്തുപറമ്പ് മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 95 ലക്ഷം

കൂത്തുപറമ്പ് മണ്ഡലത്തിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലേയും പാനൂര്‍ മുന്‍സിപ്പാലിറ്റിയിലേയും രണ്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് 95 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ പാനൂര്‍ പോസ്റ്റ് ഓഫീസ് നിള്ളങ്ങള്‍ മൂളിയാത്തോട് റോഡിന് 48 ലക്ഷം രൂപയും പാനൂര്‍ നഗരസഭയിലെ തോക്കോട്ടുവയല്‍ തുരുത്തിമുക്ക് പി എം ജി എസ് വൈ റോഡിന് 47 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഈ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചത്. റോഡുകള്‍ നവീകരിക്കുന്നതോടെ ഈ പ്രദേശത്തെ ഏറെ നാളായുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകും.