കൃഷി ഉദ്യോഗസ്ഥർ കർഷകരുമായി ആത്മബന്ധം വളർത്തണം: മന്ത്രി പി പ്രസാദ്

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി ആത്മബന്ധം വളർത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി നടന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൃഷി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷണ ക്രമത്തിലെ പ്രശ്‌നമാണ് പല അസുഖങ്ങൾക്കും കാരണം.

അത് പരിഹരിക്കാൻ വിഷമുക്ത പച്ചക്കറി കഴിക്കുന്നത് ശീലമാക്കണം. കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി നടപ്പാക്കുന്നത്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിയായി മാറ്റണം. കൃഷി വകുപ്പിനെതിരെ പലരും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനെല്ലാം മികച്ച പ്രവർത്തനങ്ങളിലൂടെയാണ് മറുപടി നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി നടപ്പാക്കുന്നത്. 10,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കുക, സംസ്ഥാനത്ത് 10,000 കർഷക ഗ്രൂപ്പുകൾ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

താൽപ്പര്യമുള്ള മുഴുവൻ പേർക്കും വകുപ്പ് പൂർണ പിന്തുണ നൽകും. സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മ രൂപീകരിക്കും. ഓരോ കൂട്ടായ്മയിലും കുറഞ്ഞത് 10 അംഗങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ ഒരു പഞ്ചായത്തിൽ കുറഞ്ഞത് 10 ഗ്രൂപ്പുകളാണ് രൂപീകരിക്കുക. ഓരോ ഗ്രൂപ്പും കുറഞ്ഞത് രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്യണം.
കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർഷികോൽപ്പാദന കമ്മീഷണർ ഇഷിത റായി ഓൺലൈനായി അധ്യക്ഷത വഹിച്ചു. കൃഷി ഡയറക്ടർ ടി വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നോഡൽ ഓഫീസർ എസ് സാബിർ ഹുസൈൻ പദ്ധതി വിശദീകരിച്ചു.

സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. പി കെ രാജശേഖരൻ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, എസ് സുഷമ, കണ്ണൂർ കെ വി കെ മേധാവി ഡോ. പി ജയരാജ്, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആർ സുനിൽ കുമാർ, കാർഷിക കോളേജ് റിസർച്ച് ആന്റ് ഡീൻ അസോസിയേറ്റ് ഡയറക്ടർ ഡോ. അജിത് കുമാർ എന്നിവർ സംസാരിച്ചു.