കെഎസ്ഇബി സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും

ഉപഭോക്തൃ സേവനത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് കെഎസ്ഇബി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍വീസസ് അറ്റ് ഡോര്‍സ്റ്റെപ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി. ബര്‍ണശ്ശേരി സെക്ഷന്‍തല ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

കെഎസ്ഇബിയുടെ പ്രധാന സേവനങ്ങള്‍ ഓഫീസില്‍ എത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഒറ്റ കോള്‍ വഴി ഉറപ്പാക്കുന്നതാണ് പദ്ധതി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അപേക്ഷകരുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുകയും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള ഫീസ് ഓണ്‍ലൈനായോ കൗണ്ടര്‍ മുഖേനയോ അടക്കാം.
പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ്/കണക്റ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍ / മീറ്റര്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇതുവഴി ലഭിക്കുക.
ജില്ലയില്‍ കണ്ണൂര്‍ ഡിവിഷനു കീഴില്‍ കണ്ണൂര്‍, ബര്‍ണശ്ശേരി, മയ്യില്‍, പാപ്പിനിശ്ശേരി, പെരളശ്ശേരി സെക്ഷനുകളിലാണ് സര്‍വീസിന് തുടക്കം കുറിച്ചത്.

ബര്‍ണശ്ശേരിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കൗണ്‍സലര്‍ അഡ്വ. പി കെ അന്‍വര്‍, ചീഫ് എഞ്ചിനീയര്‍ ടി ആര്‍ സുരേഷ്, കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു, കണ്ണൂര്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.