കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിക്കും; അപേക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി

ഏപ്രില്‍ ഒന്ന് മുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നിരക്ക് യുക്തി സഹമാക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിക്കുന്നത്. നിരക്ക് പിന്നീട് നിശ്ചയിക്കും. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലാണെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാന്‍ വൈകുന്നു എന്നതാണ് പരാതികളില്‍ ഭൂരിഭാഗവും. നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിച്ചതായും എം ബി രാജേഷ് പറഞ്ഞു. ഇനി മുതല്‍ നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇത് ആദ്യം നടപ്പാക്കുക. പഞ്ചായത്ത് തലത്തില്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും. ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ണമായി ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

സ്വയം സാക്ഷ്യപ്പെടുത്തലോട് കൂടിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നിലവില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ ഓപ്ഷനലാണ്. ഇനി മുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് സ്വയം സാക്ഷ്യപ്പെടുത്തലോട് കൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിച്ച് ഉടന്‍ തന്നെ പെര്‍മിറ്റ് ലഭിക്കുന്ന വിധമാണ് ക്രമീകരണം. ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് നല്‍കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

300 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കാണ് അപേക്ഷ ഓണ്‍ലൈന്‍ ആക്കിയത്. ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ്. പുതിയ സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. പുതിയ വീട് വെയ്ക്കുന്നവര്‍ക്കാണ് ഇത് ബാധകമാകുക.

വീട് വെയ്ക്കാന്‍ വരുന്ന കാലതാമസം ഒഴിവാകും. കൂടാതെ ഫിസിക്കില്‍ വെരിഫിക്കേഷന് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് വരുന്ന ജോലി ഭാരം കുറയും. അവര്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. കൂടാതെ അഴിമതി ഒഴിവാക്കാന്‍ സാധിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

വസ്തുതകള്‍ മറച്ചുവെച്ച് പെര്‍മിറ്റ് വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉടമസ്ഥനും ലൈസന്‍സിക്കും ഇത് ബാധകമാണ്.

കെട്ടിടം പൊളിച്ച് കളയുന്നത് അടക്കമുള്ള ശക്തമായ നടപടികളാണ് സ്വീകരിക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ വസ്തു നികുതിയും ഉയരും. ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം വസ്തു നികുതി വര്‍ധിപ്പിച്ച് നിയമം ഭേദഗതി ചെയ്തതായും മന്ത്രി പറഞ്ഞു.

ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. അഞ്ചു വര്‍ഷത്തേയ്ക്ക് 25 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഓരോ വര്‍ഷവും അഞ്ചു ശതമാനം വീതം വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്തി പറഞ്ഞു.