കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കരുത്; ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി

കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു. അനുമതി നേടാത്തവര്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ കര്‍ശനമാക്കും. ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി തിരിച്ചുകയറി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഈ തിരുമാനം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറിലായിരുന്നു യോഗം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ ജില്ലയില്‍ രണ്ട് കെ എസ് ഇ ബി ജീവനക്കാരുള്‍പ്പെടെ എട്ട് പേരാണ് വൈദ്യുതാഘാതം മൂലം മരണമടഞ്ഞത്. അതോടൊപ്പം ഒരാനക്കും പശുവിനും ജീവഹാനിയുണ്ടായി. വൈദ്യുത കമ്പികള്‍ക്കിടയില്‍ കാലുകള്‍ നാട്ടി കേബിളുകള്‍ വലിക്കുക, പന്തല്‍, തോരണങ്ങള്‍ തുടങ്ങിയ താല്‍ക്കാലിക നിര്‍മാണ പ്രവൃത്തികള്‍ നടത്തുക, വൈദ്യുതി തൂണുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവ പാടില്ലെന്ന് കാട്ടി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഉത്സവ കമ്മറ്റികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ഓള്‍ അലൂമിനിയം കമ്പികള്‍ മാറ്റി സ്റ്റീല്‍ റീ ഇന്‍ഫോഴ്‌സ് അലൂമിനിയം കമ്പികള്‍ വലിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റുകള്‍ക്കിടിച്ച് നാശനഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ചാല മുതല്‍ നടാല്‍ വരെയുള്ള ബൈപ്പാസിലെ വൈദ്യുതി തൂണുകളില്‍ റിഫ്‌ളക്റ്ററുകള്‍ പതിപ്പിക്കും. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
എ ഡി എം കെ കെ ദിവാകരന്‍, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സീതാരാമന്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ സുനില്‍ ശ്രീനിവാസ്, മറ്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.