കെ സുരേന്ദ്രൻ്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍പിയുടെ നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്.

സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്. ഇതിനായി ഇരുവരും ഒക്ടോബര്‍ 11 ന് കൊച്ചിയിലെത്തി ശബ്ദ സാംപിള്‍ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. പ്രസീത അഴീക്കോട് മുഖ്യ സാക്ഷിയുമാണ്.

സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ മല്‍സരിക്കാനായി ബിജെപി സി കെ ജാനുവിന് 35 ലക്ഷം രൂപ ബിജെപി കോഴയായി നല്‍കിയെന്നാണ് പ്രസീത ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായും ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ഗേണേഷുമായുമുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു