കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുന്നു: മുഖ്യമന്ത്രി
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സിഡ്‌കോ സര്‍ക്കാര്‍ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിക്ഷേപ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വ്യവസായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നു. നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നത് പലപ്പോഴും ഒരു പ്രശ്‌നമായിരുന്നു. ആ സാഹചര്യത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്റ്റാറ്റിയൂട്ടറി സമിതികള്‍ രൂപീകരിക്കും. അതിനായി നിയമം കൊണ്ടു വന്നു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കായി പരാതിക്കിടയാക്കാത്ത വിധത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമായി. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള അനുമതി അതിവേഗമാണ് നല്‍കുന്നത്. വ്യവസായം തുടങ്ങിയതിനു ശേഷം അനുമതി തേടിയാല്‍ മതിയെന്ന തരത്തിലേക്കാണ് നാട് മാറിയത്. 50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചാല്‍ ഏഴു ദിവസത്തിനകം കോംപസിറ്റ് ലൈസന്‍സ് ലഭ്യമാക്കാന്‍ നിയമ ഭേദഗതി വന്നു കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് അധികനാള്‍ ആയില്ലെങ്കിലും 3220 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് ഇതിനകം ധാരണയായിട്ടുണ്ട്. ലോകത്തിലെ മുന്‍നിര കമ്പനികളടക്കം നിരവധി സംരംഭങ്ങള്‍ കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആരംഭിച്ച ചെറുകിട- ഇടത്തര വ്യവസായങ്ങളിലൂടെ 17448 തൊഴിലവസരങ്ങള്‍ സൃഷിക്കാന്‍ കഴിഞ്ഞു. വലിയ തോതിലുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. കൊവിഡ് പശ്ചാത്തലത്തില്‍ രൂപപ്പെട്ട വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ തൊഴില്‍ സംസ്‌കാരത്തിലൂടെ കേരളത്തിലെ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതിനുള്ള ശ്രമം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൃഷി, ടൂറിസം തുടങ്ങിയ തൊഴില്‍ നല്‍കാന്‍ കഴിയുന്ന മേഖലകളെ പരിപോഷിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമാനതകളില്ലാത്ത വികസനം നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞു. നവകേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ വികസനം ആവശ്യമാണ്. സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് പാലയാട് വ്യവസായ എസ്റ്റേറ്റില്‍ നടന്നിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്റ്റേറ്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റി സെന്റര്‍, അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ്, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഓവുചാല്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ ഓവുചാല്‍, അലങ്കാര ചുറ്റുമതില്‍, പ്രവേശന കവാടം, സെക്യൂരിറ്റി ക്യാബിന്‍, അറുപത് തെരുവുവിളക്കുകള്‍, എസ്റ്റേറ്റിനകത്തുള്ള 868 മീറ്റര്‍ റോഡ്, സിവില്‍ ഇലക്ട്രിക് പ്രവൃത്തികള്‍ എന്നീ നവീകരണ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 5.5 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്.2018 ലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
സിഡ്കോ എസ്റ്റേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കോങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, മറ്റ് ജനപ്രതിനിധികള്‍,ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍, സിഡ്‌കോ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ഡയരക്ടര്‍ എ പി രാഗേഷ്, സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ ഡിജി എം എസ് അജിത്കുമാര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.