കേരളത്തിന്റെ ഭാവി വികസന ഭൂവിനിയോഗത്തിന് ഡിജിറ്റൽ റിസർവ്വെ സഹായകം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ഭൂവിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ ഡിജിറ്റൽ റിസർവ്വെ വഴി കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഡിജിറ്റൽ റീസർവ്വെ ജില്ലാതല ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവ്വെയുടെ മുന്നൊരുക്കങ്ങൾ കൃത്യമായി പൂർത്തിയാക്കണമെന്നും ഭൂവുടമകൾ സർവ്വെയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഭൂരേഖകൾ ഹാജരാക്കണം, അതിരുകൾ വൃത്തിയാക്കണം. ഇക്കാര്യത്തിൽ ജനപ്രതിനിധികളും ജനകീയ കമ്മറ്റികളും ഇടപെടണം-മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും റീസർവ്വെ നാല് വർഷത്തിനകം പൂർത്തിയാക്കുമെന്നും ഇതിന് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 807.98 കോടി രൂപയ്ക്കാണ് ഡിജിറ്റൽ റീസർവ്വെയ്ക്കായി അംഗീകാരം നൽകിയത്. ആദ്യഘട്ടത്തിൽ 339. 438 കോടി രൂപയുടെ ഭരണാനുമതിയും നൽകി. ആധുനിക സാങ്കേതിവിദ്യയുടെ സഹായത്തോടെ സി ഒ ആർ എസ്, ആർ ടി കെ റോവർ, റോബോട്ടിക് ഇ ടി എസ്, ഡ്രോൺ തുടങ്ങിയവ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വെ നടത്തുന്നത്.
ശിൽപശാലയിൽ സർവ്വെ ലാന്റ് റെക്കോർഡ്‌സ് ഡയറക്ടർ എസ്. സാംബശിവറാവു വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലയിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു