കേരളത്തിൻ്റെ പ്രധാന മൂലധന നിക്ഷേപം വിദ്യാഭ്യാസം; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ പ്രധാന മൂലധന നിക്ഷേപം വിദ്യാഭ്യാസമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോടല്ലൂർ എൽ പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖല ലോക നിലവാരത്തിലേക്കുയർന്നു. ആ നിലവാരം മെച്ചപ്പെടുത്താനള്ള ശ്രമങ്ങളാണ് സർക്കാർ തുടരുന്നത്.ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിയത്.നാട്ടിൻ പുറത്തെ പ്രൈമറി വിദ്യാലയങ്ങളെല്ലാം മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറി. സംസ്ഥാനത്തിൻ്റെ മുഖ്യ മൂലധന നിക്ഷേപ കേന്ദ്രങ്ങളാണ് പൊതുവിദ്യാലയങ്ങൾ. മന്ത്രി പറഞ്ഞു. പുതു തലമുറയെ കേരളത്തിൽ തന്നെ നിലനിർത്തേണ്ടതുണ്ട്. അതിന് തൊഴിലവസരങ്ങൾ വർദ്ധിക്കണം. അഞ്ച് വർഷത്തിനകം 20 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്കിലൂടെ തൊഴിൽ നൽകുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

1920 ലാണ് കോടല്ലൂർ എൽ പി സ്കൂൾ സ്ഥാപിതമായത്. ഒരു കോടി രൂപ ചെലവിൽ വിവിധ നിർമാണ പ്രവൃത്തികളാണ് ഇവിടെ നടന്നു വരുന്നത്. പുതിയ രണ്ട് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കുമാണ് പൂർത്തിയായത്.

ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ മുഹമ്മദ് കുഞ്ഞി, കൗൺസിലർമാരായ എം ശ്രീഷ, എം നളിനി, തളിപ്പറമ്പ് സൗത്ത് എ ഇ ഒ ടി വി അബ്ദുൾ ഖാദർ, സ്കൂൾ മാനേജർ വി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.