കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ചെയ്യാം

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾക്ക് പരമോന്നത പുരസ്‌കാരങ്ങളായ ‘കേരള പുരസ്‌കാരങ്ങൾ’ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും കേരളപ്രഭ രണ്ടുപേർക്കും കേരള ശ്രീ അഞ്ചുപേർക്കുമാണ് നൽകുക. കേരള പിറവി ദിനമായ നവംബർ ഒന്നിന് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കണം. നേരിട്ടുള്ള നാമനിർദേശങ്ങൾ സ്വീകരിക്കില്ല. വർണം, വർഗം, ലിംഗം, ജാതി, തൊഴിൽ, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയൻസ് ആൻഡ് എൻജിനിയറിങ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവീസ്, കായികം, മറ്റ് മേഖലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവരെയാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. പുരസ്‌കാരങ്ങൾക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ലെങ്കിലും അവരവരുടെ മേഖലകളിലെ ആജീവാനന്ത സംഭാവനകൾ കണക്കിലെടുത്താകണം നാമനിർദേശം സമർപ്പിക്കേണ്ടത്. പുരസ്‌കാരങ്ങൾക്കായി വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ആർക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാം. നാമനിർദേശം ചെയ്യുന്നയാൾക്കോ, സംഘടനക്കോ കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തിൽ നിന്നും ഒന്നുവീതം മൂന്ന് നാമനിർദേശങ്ങൾ മാത്രമേ സമർപ്പിക്കാനാകൂ. മരണാന്തര ബഹുമതിയായി പുരസ്‌കാരങ്ങൾ നൽകില്ല. ഡോക്ടർമാർ, ശാസ്ത്രജ്ഞർ ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ അവാർഡിന് അർഹരല്ല. സർക്കാർ ഉദ്യോഗസ്ഥരെ ജോലിൽ നിന്ന് വിരമിച്ചാൽ മാത്രം പരിഗണിക്കും. നാമനിർദേശങ്ങൾ ജൂൺ 30 വരെ സമർപ്പിക്കാം.