കേസിൽ താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ.

തിരുവനന്തപുരം: കേസിൽ താൻ നിരപരാധിയാണ്, ദൈവമാണ് തന്റെ കാവൽക്കാരൻ എന്ന് അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട തോമസ് കോട്ടൂർ. ദൈവത്തിന് ഒരു വലിയ പദ്ധതിയുണ്ട്. കേസിൽ ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചില്ല. അപ്പീൽ പോകുന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല എന്നും തോമസ് കോട്ടൂർ പറഞ്ഞു.

അതേസമയം സിസ്റ്റർ സെഫി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടി മൗനമായിരുന്നു. കൈയ്യിൽ കുരിശു പിടിച്ചു കൊണ്ടായിരുന്നു മൗനം.

എന്നാൽ കോടതി വിധി കേട്ടതിനു ശേഷം ഇരുവരും തളർന്ന രീതിയിലായിരുന്നു. സിസ്റ്റർ സെഫി കോടതിയിൽ പൊട്ടിക്കരഞ്ഞു.

ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേയ്ക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കും മാറ്റും.

ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂർ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫാ. ജോസ് പുതൃക്കയിൽ എന്നിവർക്ക് പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ഇത് നേരിട്ട് കാണാൻ ഇടവന്നതാണ് സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.