കൊടുംചൂടിലുണങ്ങി പൈനാപ്പിൾ, കർഷകർ ആശങ്കയിൽ

ഉളിക്കൽ : സീസൺ എത്തിയതോടെ വില ഉയർന്നെങ്കിലും കടുത്ത വേനലിൽ പ്രതീക്ഷിച്ച വരുമാനം നേടാനാകില്ലെന്ന ആശങ്കയിൽ പൈനാപ്പിൾ കർഷകർ. പൈനാപ്പിൾ പഴത്തിനും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്കും 50 രൂപയും പച്ചയ്ക്ക് 48 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സീസൺ എത്തിയതും ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് വില ഉയരാൻ കാരണം. വേനൽച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാൻ കാരണമായത്. ഇതോടെ, വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല.

മാത്രമല്ല, ഉണക്ക് തടയാനുള്ള മാർഗങ്ങൾക്കും ജലസേചനത്തിനുമായി അധികം തുകയും ചെലവിടേണ്ടിവരുന്നു. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത്. തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.

ഒരു ചെടിക്ക് ഏകദേശം 8-10 രൂപയോളം അധികച്ചെലവ് ഇപ്പോഴുണ്ടാകുന്നുണ്ടെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി ജോൺ പറയുന്നു. ഉണക്കു കാരണം മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഉത്പാദനത്തിൽ 40-50 ശതമാനം കുറവുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ റംസാൻ വിഷു സീസണിൽ 2,000 ടൺ വരെ പൈനാപ്പിൾ വിൽക്കാറുണ്ട്. എന്നാൽ, ഇത്തവണ 1,000-1,200 ടൺ ഉത്പാദനം മാത്രമേ കർഷകർ പ്രതീക്ഷിക്കുന്നുള്ളു.

റാംസാൻ വ്രതാരംഭത്തോടെ പൈനാപ്പിൾ കൂടുതലായി പോകുന്നത് ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നീ സംസ്ഥാനങ്ങളിലാണ്. മൊത്തം ആവശ്യകതയുടെ 50 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഡൽഹി, ജയ്പുർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മികച്ച ആവശ്യകതയുണ്ട്. കേരളത്തിലും മികച്ച വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ, ഉത്പാദനം കുറയുന്നത് വിപണി ആവശ്യകത നിറവേറ്റുന്നതിൽ തിരിച്ചടിയുണ്ടാക്കും.

.