കൊട്ടിയൂർ ചന്ദ്രശേഖരൻ ചരിഞ്ഞു.

കൊട്ടിയൂർ:കൊട്ടിയൂർ ചന്ദ്രശേഖരൻ ചരിഞ്ഞു. 34 വർഷം തുടർച്ചയായി കൊട്ടിയൂർ പെരുമാളിന്റെ  തിടമ്പേറ്റി ചരിത്രംകുറിച്ചാണ്  ചന്ദ്രശേഖരൻ വിടപറഞ്ഞത്‌.   കൊട്ടിയൂർ ദേവസ്വം വക ആനയായ ചന്ദ്രശേഖരൻ വ്യാഴാഴ്ച വൈകിട്ടോടെയാണ് ചരിഞ്ഞത്. വൈശാഖ മഹോത്സവകാലത്ത് അക്കരെ ക്ഷേത്രപരിസരത്ത് തലയുയർത്തി ചെവിയാട്ടി നിൽക്കുന്ന ചന്ദ്രശേഖരനെ കാണാൻ തീർഥാടകരുടെ  തിരക്കായിരുന്നു.    1982 മുതൽ വൈശാഖോത്സവ ചടങ്ങുകൾക്ക് തിരുവഞ്ചിറയിൽ  തിടമ്പേറ്റി  നടന്ന  ചന്ദ്രശേഖരന് നിരവധി ആരാധകരുമുണ്ട്.

1982 ൽ ആക്കൽ ഗോവിന്ദൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാനായിരിക്കെയാണ്  25 വയസ്സുള്ള ആനയെ പാലക്കാടുനിന്ന് വാങ്ങിയത്. വളരെമുമ്പ് കൊട്ടിയൂർ ദേവസ്വത്തിൽനിന്ന് ചരിഞ്ഞ ചന്ദ്രശേഖരൻ എന്ന ആനയുടെ പേര്  പുതിയ ആനയ്ക്കും നൽകി. കൊട്ടിയൂരിൽ  ചന്ദ്രശേഖരൻ  മാത്രമാണ് 34 വർഷം തുടർച്ചയായി തിടമ്പേറ്റിയത്.   മദപ്പാട് കണ്ടതിനെത്തുടർന്ന് ചികിത്സയിലായതിനാൽ മൂന്നുവർഷം തിടമ്പേറ്റാൻ കഴിഞ്ഞില്ല.  വലതു കണ്ണിന് കാഴ്ചയില്ല . ഏതാനും മാസങ്ങളായി  മദപ്പാടിലായിരുന്ന ചന്ദ്രശേഖരൻ  സുഖം പ്രാപിച്ചു വരുന്നതിനിടെയാണ്  ചരിഞ്ഞത്.  ആരെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് കൊട്ടിയൂർ ചന്ദ്രശേഖരന്റെ പ്രത്യേകത.