കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ കോടതി തള്ളി. ജാമ്യാപേക്ഷ സമർപ്പിച്ചയാൾക്കെതിരായ ആരോപണങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ കഴിഞ്ഞയാഴ്ച നടന്ന സംഘർഷത്തിനിടെ യുവ ഗുസ്തി താരം സാഗർ കുമാർ കൊല്ലപ്പെട്ട സംഭവത്തിലാണ് സുശീൽ കുമാർ മുൻകൂർ ജാമ്യം തേടിയത്. സംഭവത്തിൽ മറ്റു രണ്ടുപേർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റവർ നൽകിയ വിവരമനുസരിച്ച് സുശീൽ കുമാറിനെ പ്രതിചേർത്തെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ഞായറാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.