കൊല്ലത്ത് ഹോംസ്റ്റേ ഉടമ കുത്തേറ്റു മരിച്ചു.

കുണ്ടറ : മൺറോത്തുരുത്തിൽ ഹോംസ്റ്റേ ഉടമ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ-53) ആണ് മരിച്ചത്.

ഡൽഹി പോലീസിൽ നിന്ന് വിരമിച്ച പട്ടംതുരുത്ത്് തൂപ്പാശ്ശേരിൽ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം.

മണിലാലിനെ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

പോലീസ് പറയുന്നത്: അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുകൊണ്ടുവന്ന മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു.

അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.

ഒളിവിൽപോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പോലീസ് പിടികൂടി. .