കൊവാക്‌സിൻ സ്വീകരിച്ച് പാർശ്വഫലം അനുഭവപ്പെട്ടാൽ നഷ്ടപരിഹാരം; പ്രഖ്യാപനവുമായി ഭാരത് ബയോടെക്

ഹൈദരാബാദ് :കൊവാക്‌സിൻ കുത്തിവെച്ച ശേഷം പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് ആളുകൾക്ക് പൂരിപ്പിക്കാൻ നൽകുന്ന സമ്മത പത്രത്തിലാണ് ഭാരത് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും സമ്മത പത്രത്തിലുണ്ട്.

കൊവാക്‌സിൻ സ്വീകരിച്ച് ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിട്ടാൽ സർക്കാർ ആശുപത്രികളിലോ സർക്കാർ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന ആശുപത്രികളിലോ ചികിത്സ ഉറപ്പാക്കും. മുഴുവൻ ചികിത്സാ ചിലവും കമ്പനി വഹിക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സ്‌പോൺസറായ ബിബിഐഎൽ നഷ്ടപരിഹാരം നൽകുമെന്നും കമ്പനി പുറത്തിറക്കിയ സമ്മത പത്രത്തിൽ വ്യക്തമാക്കുന്നു

അന്തിമ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് തദ്ദേശീയമായി നിർമ്മിക്കപ്പെട്ട കൊവാകിസിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗുരുതര പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചത്.