കൊവിഡ്; വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും നടപടികള്‍ കര്‍ശനമാക്കി. ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രി സമയങ്ങളിലെ അനാവശ്യ യാത്രകള്‍ തടയാനും പോലിസ് പരിശോധന ശക്തമാക്കി. ഫെബ്രുവരി 10 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെയ്ക്കാണ് സംസ്ഥാനതലത്തില്‍ ചുമതല നല്‍കിയിട്ടുള്ളത്.

ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ യൂനിറ്റുകളിലെ പോലിസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് വിനിയോഗിക്കാമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.