കൊവിഡ് ജാഗ്രത: വിവാഹ, ഗൃഹപ്രവേശ ചടങ്ങുകള്‍ രജിസ്റ്റര്‍ ചെയ്യണം

കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ ജില്ലയില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ (covid19jagratha.kerala.nic.in) രജിസ്റ്റര്‍ ചെയ്യണം. അടച്ചിട്ട വേദികളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് 150 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. രജിസ്‌ട്രേഷന്‍ വേളയില്‍ പരിപാടി സംഘടിപ്പിക്കുന്ന ആളുടെ പേര്, വിലാസം, ചടങ്ങ് സംബന്ധിച്ച വിവരം, തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.

തുടര്‍ന്ന് യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് പരിപാടി നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് സ്വന്തം വിവരങ്ങള്‍ നല്‍കണം. ഓരോ ചടങ്ങിനും ഓരോ ക്യു ആര്‍ കോഡ് ആയിരിക്കും ലഭിക്കുക. പങ്കെടുക്കുന്നവരില്‍ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരെ ഇതിലൂടെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്.