കൊവിഡ്; നാളെ മുതൽ മെയ്‌ 9 വരെ കണ്ണൂർ ജില്ലയിലും കര്‍ശന നിയന്ത്രണത്തിന് കലക്ടറുടെ നിർദ്ദേശം

നിയന്ത്രണം ഇങ്ങനെ –

കൊവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ മെയ്‌ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ കലക്ടർ ടി വി സുഭാഷ് ബന്ധപ്പെട്ടവർക്ക്‌ നിർദേശം നൽകി. അവശ്യ സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ മേഖലകളില്‍ ്പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് യാത്രാവിലക്കില്ല. മറ്റു ഓഫീസുകള്‍ക്ക് അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. അവശ്യ സേവനം എന്ന നിലയിലുള്ളതും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതുമായ വ്യവസായ സംരംഭങ്ങള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

ഇത്തരത്തിലുള്ള ജീവനക്കാര്‍ യാത്രക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖ കരുതണം. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം. ഓക്‌സിജന്‍ ടെക്‌നീഷ്യന്‍സ്, ഹെല്‍ത്ത് കെയര്‍, സാനിറ്റേഷന്‍ എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര അനുവദനീയമാണ്. ടെലികോം, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല. സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖ കരുതണം. ഐ.ടി അനുബന്ധ സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ബാക്കി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. രോഗികള്‍, അവരുടെ കൂടെ സഹായിയായി പോകുന്നവര്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍, വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യാത്രാ സമയത്ത് കയ്യിൽ കരുതണം. മെഡിക്കല്‍ ഷോപ്പുകള്‍, പത്രം, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകൾക്കും പ്രവർത്തിക്കാം.

വീടുകളില്‍ നിന്നും ആളുകൾ പുറത്തിറങ്ങുന്നത് കുറക്കാന്‍ വ്യാപാരികൾ
ഹോംഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. കടകളിലെ ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി ഒമ്പത് മണിക്ക് എല്ലാ സ്ഥാപനങ്ങളും അടക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി ഒമ്പത് മണിവരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും. ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒരു മണിവരെ മാത്രമേ പ്രവേശനമുണ്ടാകൂ. ഗുണഭോക്താക്കള്‍ ഓണ്‍ലൈന്‍ സേവനം പരമാവധി പ്രയോജനപ്പടുത്തണം. ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാന സര്‍വീസ് എന്നിവക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രികള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പൊതു ഗതാഗതങ്ങള്‍, ചരക്ക് വാഹന സര്‍വീസ്, സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ യാത്രാരേഖ കരുതണം. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേര്‍ മാത്രമേ പാടുള്ളൂ. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചുകൊണ്ട് തൊഴിലിടത്തില്‍ ജോലിയെടുക്കുന്നതിന് തടസ്സമില്ല. വീട്ടുജോലിക്ക് പോകുന്നവര്‍ക്കും പ്രായമായവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവര്‍ക്കും യാത്ര അനുവദനീയമാണ്.

റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്‌ലറ്റുകള്‍ എന്നിവ്ക്ക് പ്രവര്‍ത്തിക്കാം.
കൃഷി, പ്ലാന്റേഷന്‍, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താം. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സിനിമ, സീരിയല്‍, ഡോക്യുമെന്ററി തുടങ്ങിയുടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.