കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് വ്യാപനം മുൻനിർത്തി ആശുപത്രികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിദഗ്‌ദ്ധരുമായി ചർച്ച ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ഷൻ സമയത്ത് മാസ്‌ക് ധരിക്കാനും പരമാവധി സാമൂഹികഅകലം പാലിക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകൾ മാസ്‌ക് ധരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് യോഗങ്ങളിലും മ‌റ്റും സാമൂഹിക അകലം ജനങ്ങൾ പാലിക്കുന്നത് കുറഞ്ഞു.

‘കൊവിഡ് രോഗാണു അതിവേഗം പടരുന്നതിനാൽ ചെയിൻ ബ്രേക്ക് ചെയ്യുകയല്ലാതെ രോഗം നിയന്ത്രിക്കാൻ മ‌റ്റ് മാർഗമില്ല.ഇലക്ഷൻ കഴിഞ്ഞ സ്ഥിതിക്ക് ഇനി കൊവിഡ് പ്രതിരോധം കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.’ ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആശുപത്രികളിൽ കൂടുതൽ കൊവിഡ് രോഗികൾ വരാൻ സാദ്ധ്യതയുള‌ളതുകൊണ്ട് സൗകര്യങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. സി കാ‌റ്റഗറിയിൽ പെട്ട ഗുരുതരമായ രോഗമുള‌ളവർക്ക് മാത്രമാണ് മെഡിക്കൽ കൊളജിൽ ചികിത്സ നൽകിയിരുന്നത്. 60 വയസ്സിന് മുകളിലുള‌ളവരാണ് ഇത്തരത്തിൽ കൂടുതൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ചെറിയൊരു വിഭാഗത്തിന് അങ്ങനെ ഗുരുതരമാകുന്ന രോഗം കണ്ടുവരുന്നു.

എല്ലാ ആശുപത്രികളിലും സർ‌ക്കാർ സൗകര്യം വർദ്ധിപ്പിക്കും. ആശുപത്രികൾക്ക് സാമ്പത്തികമായ സഹായം പൂർണമായും സർക്കാർ ചെയ്യും :- കെ.കെ ശൈലജ അറിയിച്ചു.ചെറിയ ലക്ഷണം മാത്രമുള‌ള എ കാ‌റ്റഗറി രോഗികൾ നിലവിൽ ഹോം ഐസൊലേഷനിലാണ്. വീട്ടിൽ പ്രത്യേകം മുറിയും ബാത്ത്‌റൂമുമുള‌ളവർ‌ക്കേ ഇതിന് അനുവാദമുള‌ളൂ. ഇവർക്ക് പുതിയ രോഗലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാ‌റ്റും. വീടുകളിൽ സൗകര്യമില്ലാത്തവരെ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാൽ പുത്തൻ ഫസ്‌റ്റ്‌ലൈൻ ട്രീ‌റ്റ്‌മെന്റ് സെന്ററുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.