കൊവിഡ് പ്രതിരോധം: കോര്‍പറേഷന്‍ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. മരുന്നിന്റെ വിതരണോദ്ഘാടനം പള്ളിക്കുന്ന് ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകലക്ക് നല്‍കി മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹോമിയോ പ്രതിരോധ മരുന്ന് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതിലൂടെ കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സുപ്രധാനമായ ചുവടുവെപ്പാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തുന്നതെന്നും, ഈ അവസരം ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മേയര്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോര്‍പറേഷനില്‍ കുറവാണെങ്കിലും നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ കെ ശബീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. പി ഇന്ദിര, ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ എന്‍ ഉഷ, എം പി രാജേഷ്, മുസ്ലിഹ് മഠത്തില്‍, എ കുഞ്ഞമ്പു, ഡോ. ഷിബി പി വര്‍ഗീസ്, സി മനോജ്, ഡോ. നിമിഷ, ഡോ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.