കൊവിഡ് പ്രതിരോധം: ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഒരാഴ്ചക്കകം പൂർത്തിയാകും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ
ഒരുക്കുന്നതിനായാണ് 60 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ ഐസി യു കിടക്കകൾ ,അനുബന്ധ ഉപകരണങ്ങൾ,രോഗികൾക്കാവശ്യമായ മരുന്നുകൾ
തുടങ്ങിയവ ഇതിൻ്റെ ഭാഗമായി ലഭ്യമാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.

ബിപിസിഎല്ലിൻ്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കും .ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു.
ഇതിനു പുറമെ മലയോര മേഖലകളടക്കമുള്ള പ്രദേശങ്ങളിലെ കിടപ്പ് രോഗികൾക്ക് വാക്സിൻ എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ട്
വാഹനങ്ങൾ തയ്യാറായിക്കഴിഞ്ഞു. സ്നേഹ ജ്യോതി പദ്ധതിയുടെ ഭാഗമായി വൃക്കരോഗികളുടെ തുടർചികിത്സക്കാവശ്യമായി നൽകി വരുന്ന മരുന്നുകൾ പോലീസിൻ്റെ സഹായത്തോടെ വീടുകളിൽ എത്തിച്ചു നൽകും. ആദിവാസി ഊരുകളിൽ
ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിൽ ജില്ലാ പഞ്ചായത്തംഗങ്ങൾ പങ്കാളികളാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ ടി സരള, കെ വി സുരേഷ് ബാബു, യു പി ശോഭ, സെക്രട്ടറി വി ചന്ദ്രൻ , അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.