കൊവിഡ് വാക്‌സിനേഷന്‍: ജില്ലയില്‍ ജനുവരി 8ന് ഡ്രൈ റണ്‍

ജില്ലയില്‍ കൊവിഡ് വാക്‌സിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) ജനുവരി എട്ട് വെള്ളിയാഴ്ച നടക്കും. യഥാര്‍ഥ വാക്‌സിനേഷന്‍ പ്രക്രിയയില്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ചു ഉറപ്പു വരുത്തുന്ന പ്രകിയയാണ് ഡ്രൈ റണ്‍. ജില്ലാ ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം(തേര്‍ത്തല്ലി), ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക.

ഓരോ സ്ഥലങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാര്‍ വീതം നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരിലാണ് ഡ്രൈ റണ്‍ നടത്തുക.
കുത്തിവെയ്പിനുള്ള സ്ഥലം കണ്ടെത്തുക, നോഡല്‍ ഓഫീസറെ കണ്ടെത്തുക, അഞ്ച് അംഗങ്ങള്‍ അടങ്ങിയ വാക്‌സിനേഷന്‍ ടീമിനെ ഒരുക്കുക, 25 ഉപഭോക്താക്കളെ കണ്ടെത്തുക, വാക്‌സിനേഷന്‍ സ്ഥലം ഒരുക്കുക, ഉപഭോക്താക്കള്‍ക്കുളള കാത്തിരിപ്പ് മുറി സജ്ജീകരിക്കുക,

വാക്‌സിനേഷന്‍ മുറി സജ്ജമാക്കുക, നിരീക്ഷണ മുറി ഒരുക്കുക എന്നിങ്ങനെയുള്ള പ്രക്രിയകളെല്ലാം ഡ്രൈ റണ്‍ സമയത്ത് പരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുളള ന്യൂനതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പൂര്‍ണ്ണ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുകയും ചെയ്യുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.